ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ വണ്ടൂര്‍ ബ്ളോക്കിലാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 59.99 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിനെ 24 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. 52090 വരുന്ന ജനസംഖ്യയില്‍ 25140 പേര്‍ പുരുഷന്‍മാരും, 26950 പേര്‍ സ്ത്രീകളുമാണ്. 100% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് തൃക്കലങ്ങോട്. 75 പൊതുകുടിവെള്ള ടാപ്പുകളേയും, 10 പൊതുകിണറുകളേയും പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 12 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. എളങ്കൂരിലുള്ള ഒരു മാവേലിസ്റ്റോറും, ഒരു നീതി സ്റ്റോറും പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. 150 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വഴികളിലൂടെയുള്ള സഞ്ചാരം രാത്രികാലങ്ങളിലും സുഗമമാക്കുന്നു

കാര്‍ഷികരംഗം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനെ കുന്നിന്‍ പ്രദേശങ്ങള്‍, മലകള്‍,താഴ്വരകള്‍ എന്നിങ്ങനെ തരംതിരിക്കാം. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഭാഗത്ത് തിരുവാലി, എടവണ്ണ, കാവനൂര്‍ പഞ്ചായത്തുകള്‍ തെക്ക് ഭാഗത്ത് മഞ്ചരി മുന്‍സിപ്പാലിറ്റി, പാണ്ടിക്കാട് പഞ്ചായത്ത് കിഴക്ക് ഭാഗത്ത് പാണ്ടിക്കാട്, പോരൂര്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് ഭാഗത്ത് പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകള്‍, മഞ്ചരി മുന്‍സിപ്പാലിറ്റി എന്നിവയാണ്. പഞ്ചായത്തിലെ പ്രസിദ്ധമായ മലയാണ് കോങ്ങമല ഇത് ആമയൂരില്‍ സ്ഥിതി ചെയ്യുന്നു. വാഴ, നെല്ല്, കപ്പ, തേങ്ങ, അടയ്ക്ക, റബ്ബര്‍ എന്നിവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാനവിളകള്‍. പത്തോളം പൊതുകിണറുകളും, കുളങ്ങളും പഞ്ചായത്തിലെ പ്രധാന ജലസേചന സ്രോതസ്സുകളാണ്. ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സഹായകരമായിരിക്കും.

വിദ്യാഭ്യാസരംഗം

പഞ്ചായത്തിലെ തൃക്കലങ്ങോട് ആദ്യത്തെ വിദ്യാലയം 1916-ലാണ് സ്ഥാപിതമായത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ 9 സര്‍ക്കാര്‍ വിദ്യാലയങ്ങളും, 11 സ്വകാര്യ വിദ്യാലയങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.

സ്ഥാപനങ്ങള്‍

മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെറ്റിനറി ആശുപത്രി തൃക്കലങ്ങോട് പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ബോര്‍ഡ് ഓഫീസ്, 3-വില്ലേജ് ഓഫീസുകള്‍, കൃഷിഭവന്‍, 6-തപാല്‍ ഓഫീസുകള്‍, 2-ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങള്‍. എളങ്കൂര്‍ സഹകരണ ബാങ്ക്, തൃക്കലങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക്, വനിതാ സഹകരണ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മുതലായവ പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളാണ്.

ഗതാഗതരംഗം

മഞ്ചരി-നിലമ്പൂര്‍ സ്റ്റേറ്റ് ഹൈവേ തൃക്കലങ്ങോട് പഞ്ചായത്തിലൂടെ കടന്നുപോകുന്നു. മഞ്ചരി ബസ്സ്റ്റാന്റാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം, വാണിയമ്പലം റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. വിദേശ യാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. നിലവില്‍ പര്യാപ്തമായ ഗതാഗത സൌകര്യങ്ങള്‍ പഞ്ചായത്തിനുണ്ടെങ്കിലും പ്രദേശത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ഗതാഗത സൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്.

സാംസ്കാരികരംഗം

നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 3 ക്ഷേത്രങ്ങളും, ഒരു മസ്ജിദും, ഒരു ക്രിസ്ത്യന്‍ ദേവാലയവും പഞ്ചായത്തില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്നു. കരിക്കാട് ഉത്സവം, തിരുമണിക്കര ഏകാദശി, വലിയകുളംപാട്ട് മഹോത്സവം, റംസാന്‍ നോമ്പ്, ബലിപെരുന്നാള്‍ തുടങ്ങിയവ പ്രദേശത്തെ മുഖ്യ ആഘോഷങ്ങളാണ്. എല്ലാ പഞ്ചായത്ത് നിവാസികളും ഇവിടുത്തെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നു. കലാമണ്ഡലം മനോജ് തൃക്കലങ്ങോട് പഞ്ചായത്തിന്റെ അഭിമാനമാണ്. കരിക്കാട് കലാസമിതി പഞ്ചായത്തിലെ കലാ-സാംസ്കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സ്ഥാപനമാണ്. തൃക്കലങ്ങോട് വായനശാല, കാരക്കുന്ന് വായനശാല, കരിക്കാട് കലാസമിതി വായനശാല എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. തൃക്കലങ്ങോട് പഞ്ചായത്തില്‍ ഒരു കല്യാണമണ്ഡപവും പ്രവര്‍ത്തിക്കുന്നുണ്ട്.

ആരോഗ്യരംഗം

ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി എളങ്കൂര്‍, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി തൃക്കലങ്ങോട്, പ്രാഥമിക ആരോഗ്യകേന്ദ്രം എളങ്കൂര്‍ മുതലായവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്.