ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിനു 59.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാവനൂര്‍, എടവണ്ണ, തിരുവാലി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പോരൂര്‍, പാണ്ടിക്കാട്, തിരുവാലി പഞ്ചായത്തുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുല്‍പ്പറ്റ, കാവനൂര്‍ പഞ്ചായത്തുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയുമാണ്. എളങ്കൂര്‍, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ മൂന്ന് ഗ്രാമങ്ങള്‍ ഉള്പ്പെട്ട ഈ പഞ്ചായത്തിലെ ഓരോ ഗ്രാമത്തിന്റെയും സ്ഥലനാമങ്ങള്ക്കു പിന്നിലുള്ള ചരിത്രം തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ്. പ്രസ്തുത മൂന്നു ഗ്രാമങ്ങളില്‍ പഞ്ചായത്തിന്റെ പേരിനു കാരണമായ തൃക്കലങ്ങോട് ഗ്രാമമാകട്ടെ, പ്രസിദ്ധമായ മൂന്നു ക്ഷേത്രങ്ങളുടെ കേന്ദ്രം കൂടിയാണ്. ശിവക്ഷേത്രം, വേട്ടക്കൊരുമകന്ക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം എന്നീ മൂന്നു പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ “തൃക്കളം” ആയിത്തീര്ന്ന പ്രദേശം എന്ന അര്ത്ഥത്തിലാണ് ഈ സ്ഥലനാമമുണ്ടായതെന്നു ചിലര്‍ വാദിക്കുമ്പോള്‍, അതല്ല, ശിവശിരസ്സിലെ “തിരുകല”യാണ് “തൃക്കല” ആയതെന്ന് മറ്റു ചിലര്‍. അപൂര്വ്വ മായ വേട്ടക്കൊരുമകന്‍ കളം സ്ഥിതി ചെയ്യുന്നതുകൊണ്ട് തിരുക്കളം ആയെന്നും പിന്നീടത് തൃക്കലം ആയതാണെന്നും വേറെ ചിലര്‍. ഇതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു വാദഗതിയും നിലവിലുണ്ട്. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിശാലമായ കുളമാണ് കുട്ടന്‍കുളം. കുട്ടന്‍കുളം എന്ന പേരില്‍ നിന്നാണ് ഈ സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് ആ വാദഗതി. കേരളോല്പ്പകത്തിയില്‍ പരാമര്ശി ക്കപ്പെട്ടതും ഇപ്പോഴും കേരളത്തില്‍ സ്ഥിതി ചെയ്യുന്നതുമായ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ കരിക്കാട് ഗ്രാമസങ്കേതം ഈ പഞ്ചായത്തിലെ തൃക്കലങ്ങോട് അംശത്തില്‍ ഉള്പ്പെടുന്നു. തൃക്കലങ്ങോട് പഞ്ചായത്ത് തികച്ചും ഒരു കാര്ഷികമേഖലയാണ്. മൂന്നു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി കുന്നിന്പ്രദേശങ്ങളും, മലകളും, താഴ്വരകളും ചേര്ന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. 1962-ല്‍ ഒന്നാമത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടത്തപ്പെടുകയും ആദ്യത്തെ ഭരണസമിതി രൂപീകൃതമാവുകയും ചെയ്തു. പഞ്ചായത്തിന്റെ കാര്ഷികമേഖലയിലുള്ള വികസനത്തിന് പരോക്ഷമായെങ്കിലും തുടക്കം കുറിച്ചത് 1960-കളിലും 70-കളിലും നടന്ന ക്രിസ്ത്യന്‍ കുടിയേറ്റമാണ്
സാമൂഹ്യചരിത്രം
എളങ്കൂര്‍, തൃക്കലങ്ങോട്, കാരക്കുന്ന് എന്നീ മൂന്ന് ഗ്രാമങ്ങള്‍ ഉള്പ്പെട്ട ഈ പഞ്ചായത്തിലെ ഓരോ ഗ്രാമത്തിന്റെയും സ്ഥലനാമങ്ങള്ക്കു പിന്നിലുള്ള ചരിത്രം തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമായ സവിശേഷതകളെ സൂചിപ്പിക്കുന്നതാണ്. പ്രസ്തുത മൂന്നു ഗ്രാമങ്ങളില്‍ പഞ്ചായത്തിന്റെ പേരിനു കാരണമായ തൃക്കലങ്ങോട് ഗ്രാമമാകട്ടെ, പ്രസിദ്ധമായ മൂന്നു ക്ഷേത്രങ്ങളുടെ കേന്ദ്രം കൂടിയാണ്. ശിവക്ഷേത്രം, വേട്ടക്കൊരുമകന്ക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം എന്നീ മൂന്നു പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ “തൃക്കളം” ആയിത്തീര്ന്ന പ്രദേശം എന്ന അര്ത്ഥത്തിലാണ് ഈ സ്ഥലനാമമുണ്ടായതെന്നു ചിലര്‍ വാദിക്കുമ്പോള്‍, അതല്ല, ശിവശിരസ്സിലെ “തിരുകല”യാണ് “തൃക്കല” ആയതെന്ന് മറ്റു ചിലര്‍. അപുര്വ്വ മായ വേട്ടക്കൊരുമകന്‍ കളം സ്ഥിതി ചെയ്യുന്നതുകൊണ്ട് തിരുക്കളം ആയെന്നും പിന്നീടത് തൃക്കലം ആയതാണെന്നും വേറെ ചിലര്‍. ഇതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു വാദഗതിയും നിലവിലുണ്ട്. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിശാലമായ കുളമാണ് കുട്ടന്‍കുളം. കുട്ടന്‍കുളം എന്ന പേരില്‍ നിന്നാണ് ഈ സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് ആ വാദഗതി. തൃക്കലങ്ങോട് പഞ്ചായത്തിലുള്പ്പെട്ട ഏറ്റവും വിസ്തൃതമായ ഗ്രാമം എളങ്കൂര്‍ ആണ്. നാടുവാഴികളുടെ അടുത്ത അനന്തരാവകാശികളെ സൂചിപ്പിക്കുന്ന എളങ്കൂര്‍ എന്ന സംജ്ഞ (ഇളമുറത്തമ്പുരാന്‍) വ്യക്തമാക്കുന്ന ഒരു ചരിത്ര വസ്തുത, ആ പ്രദേശത്തിനു നാടുവാഴികളുമായുണ്ടായിരുന്ന അഭേദ്യബന്ധമാണ്. സാമൂതിരി മാമാങ്കത്തറയില്‍ നില്ക്കു മ്പോള്‍ സമീപത്ത് നിലകൊള്ളുന്ന സാമൂതിരിയുടെ അനന്തരാവകാശിയെ, “ഏറനാട് എളങ്കൂര്‍ നമ്പ്യാട്ടിരി” എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് വില്യംലോഗന്‍ തന്റെ “മലബാര്‍ മാന്വല്‍” എന്ന വിഖ്യാതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രാമത്തിന്റെ കിഴക്കന്‍ പ്രദേശമായ, കണ്ടാലപ്പറ്റ പാളിയപറമ്പില്‍ നിന്ന് ലഭിച്ച മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ “നന്നങ്ങാടികള്‍”, ഈ പ്രദേശം പ്രാചീനകാലം മുതല്‍ തന്നെ ഒരു ആവാസകേന്ദ്രമായിരുന്നുവെന്ന വസ്തുത തെളിയിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെല്ലായിടത്തും കാണപ്പെടുന്നതും മഹാശിലായുഗ സംസ്ക്കാരത്തിന്റെ തെളിവുകളായി അവശേഷിക്കുന്നതുമായ ഈ ചരിത്രാവശിഷ്ടങ്ങളുടെ കാലനിര്ണ്ണയം അസാധ്യമാണ്. എങ്കിലും ബി.സി-500-നും, എ.ഡി-300-നുമിടയിലാവാം ഈ സംസ്ക്കാരം നിലനിന്നിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു. തൊപ്പിക്കല്ല്, കുടക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്ന പലവിധത്തിലുള്ള പുരാതന ശവക്കല്ലറകള്‍, “മുതുമക്കത്താഴികള്‍” എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കളിമണ്‍ പാത്രങ്ങള്‍ എന്നിവയുള്പ്പെടുന്ന മഹാശിലായുഗ അവശിഷ്ടങ്ങളും ഈ പഞ്ചായത്തിലുള്പ്പെുട്ട എടക്കാട്, മൈലൂത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇന്നും കരുവാന്മനലയിലുള്ള മലദൈവത്തെ ആരാധിക്കുന്ന ആദിദ്രാവിഡ ഗോത്രസമൂഹമാണ് പള്ളിയറ “കാരണക്കമ്മാര്‍” എന്നറിയപ്പെടുന്നവര്‍. കാരണക്കമ്മാര്‍ വിഭാഗം, കാരക്കുന്ന് വില്ലേജിന്റെ വിവിധ പ്രദേശങ്ങളിലായി നിരവധി താവഴികളിലായി ഇന്നും ജീവിക്കുന്നു. പുലയര്‍, ചെറുമര്‍ തുടങ്ങി ആദിദ്രാവിഡ ഗോത്രത്തില്പെുട്ട മറ്റുവിഭാഗങ്ങളും ഇവിടെ കുടിയേറിപാര്ത്തിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ചരിത്രഗതിയില്‍ പിന്നീടുണ്ടാകുന്ന പ്രധാനപ്പെട്ട ഒരു സംഭവവികാസം ബ്രാഹ്മണകുടിയേറ്റമാണ്. കേരളോല്‍പ്പത്തിയില്‍ പരാമര്ശിപക്കപ്പെട്ടതും ഇപ്പോഴും കേരളത്തില്‍ സ്ഥിതി ചെയ്യുന്നതുമായ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ കരിക്കാട് ഗ്രാമസങ്കേതം ഈ പഞ്ചായത്തിലെ തൃക്കലങ്ങോട് അംശത്തില്‍ ഉള്പ്പെടുന്നു. ഇവരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കുകയും ഗോത്രസമൂഹത്തെ പിന്നാമ്പുറങ്ങളിലേക്ക് തള്ളുകയും അവരെക്കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നതിനു തുടക്കമിടുകയും ചെയ്തത്. പ്രസിദ്ധമായ കരിക്കാട് സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു നമ്പൂതിരി ഗ്രാമത്തിന്റെ ആസ്ഥാനം. കാരക്കുന്ന് പ്രദേശത്തുണ്ടായിരുന്ന സമ്പന്നമായ അധികാര കേന്ദ്രത്തിന്റെ അടയാളമായി, കളരിയുടെയും കോവിലകത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം. എളങ്കൂര്‍ പ്രദേശത്തും ദേശവാഴിയാസ്ഥാനങ്ങളെ സൂചിപ്പിച്ചിരുന്ന കളരിയുടെയും കച്ചേരിയുടെയും കോവിലകത്തിന്റെയും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. മധ്യകാലശതകങ്ങളായ പത്താം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടങ്ങളില്‍, “ഏറാള്പാട്” എന്ന “ഏറനാട്ടിലെ” നാടുവാഴിയായിരുന്നയാള്‍, പോറളാതിരിയുടെ പ്രദേശം കൈവശപ്പെടുത്തി സാമൂതിരിയായിതീര്ന്നു. കരിക്കാട് ദേവസ്വം, മേലേടത്ത് ദേവസ്വം തുടങ്ങി പല ദേവസ്വങ്ങളുടെയും ഉടമസ്ഥത അതോടെ സാമൂതിരിക്കു കൈവന്നു. പടനായകരായ കാരയില്‍ പണിക്കര്‍, കാരോത്ത് പണിക്കര്‍, പയ്യനാട് പണിക്കര്‍ തുടങ്ങിയ പല ദേശവാഴികളുടെയും സഹായം നാടുവാഴിക്കുണ്ടായിരുന്നു. ഇവയെല്ലാം കാര്ഷിക ഉല്‍പ്പന്നവ്യവസ്ഥ എന്ന ഭൌതികാടിത്തറയിലും, മതസാംസ്കാരിക രംഗം എന്ന മേല്പുരയിലും സ്വാധീനം ചെലുത്തുന്നുണ്ട്. തന്റെ ഭൌതികാധികാരം വ്യാപിപ്പിക്കുന്നതിനായി സാമൂതിരി മുന്കൈയ്യെടുത്ത് സ്ഥാപിച്ച, കരിങ്കാളി കാവുകളിലൊന്ന്, ഈ പഞ്ചായത്തിലുള്പ്പെട്ട കാരക്കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. രാഷ്ട്രീയരംഗത്ത് വള്ളുവകോനാതിരിയും, സാമൂതിരിയും തമ്മിലുണ്ടായിരുന്ന കിടമത്സരത്തിന്റെ, ആശയരംഗത്തെ ഏറ്റുമുട്ടലായിരുന്നു ഭദ്രകാളിയും കരിങ്കാളിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചിത്രീകരിക്കപ്പെടുന്ന കരിങ്കാളിത്തറ. ഈ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഇത്തരം കരിങ്കാളിത്തറ, 1940-കളുടെ മധ്യകാലം വരെ കെട്ടിയാടപ്പെട്ടിരുന്നു. ഈ രംഗത്തെ ഒരു അതികായനായിരുന്നു കാരക്കുന്ന് മണ്ണാന്‍ തറയില്‍ കോരുമൂപ്പന്‍. സാമൂതിരിയും, കരിക്കാട് നമ്പൂതിരിഗ്രാമവും തമ്മിലുണ്ടായിരുന്ന അധികാര മത്സരം പലപ്പോഴും ആയുധസംഘട്ടനം വരെ എത്തിയിരുന്നതായി സൂചനകളുണ്ട്. 13-ഉം 14-ഉം നൂറ്റാണ്ടുകളിലെ ശ്രദ്ധേയമായ മറ്റൊരു ചരിത്രസംഭവം ഇസ്ലാം മതത്തിന്റെ കടന്നുവരവാണ്. വളരെ പുരാതനകാലം മുതല്‍ തന്നെ, ചാലിയാറിന്റെ ഇരുകരകളിലുമായി വ്യാപാരികളായ മുസ്ളീങ്ങള്‍ ജീവിച്ചിരുന്നതായി ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിസമ്പ്രദായം കര്ക്കുശമായിരുന്ന കേരളത്തിലെ ഹൈന്ദവഹീനസമൂഹത്തില്‍ ജാതിശ്രേണിയിലെ വ്യാപാരികളായ വൈശ്യജാതികള്‍ ഉണ്ടായിരുന്നില്ല. വ്യാപാരികളായ മുസ്ളീം സമൂഹത്തെ അതുകൊണ്ടുതന്നെ ഹൈന്ദവ ജാതിശ്രേണിയില്‍ വൈശ്യര്ക്കായി ഒഴിഞ്ഞുകിടന്നിരുന്ന, മാന്യമായ ഒരു പദവിയില്‍ സ്വീകരിക്കുന്നതിന് സവര്ണ്ണര്‍ തയ്യാറായിരുന്നു. വ്യാപാരികളായ മുസ്ളീംസമൂഹം പതുക്കെ പതുക്കെ, കാര്ഷിക പ്രവര്ത്ത്നങ്ങളിലേര്പ്പെടുകയും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആവാസമുറപ്പിക്കുകയും ചെയ്തു. ഫ്യൂഡല്‍ ജന്മിസമ്പ്രദായത്തിന്റെ നെറികേടുകള്‍ അപ്പോഴും യാതൊരു മാറ്റവുമില്ലാതെ സമൂഹത്തില്‍ തുടര്ന്നു കൊണ്ടേയിരുന്നു. 1921-ലെ മലബാര്‍ കലാപത്തിനു മുമ്പുതന്നെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സവര്ണ്ണ ജന്മിമാരുടെ ചൂഷണ വ്യവസ്ഥയ്ക്കെതിരെ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുകളില്‍ പരാമര്‍ശിച്ച മൂന്നു ഗ്രാമങ്ങളും 1921-ലെ മലബാര്കലാപത്തിന്റെ രംഗവേദിയായിരുന്നു. കലാപത്തില്‍ പങ്കെടുത്ത നിരവധിയാളുകള്‍ ജയില്ശിക്ഷ അനുഭവിക്കുകയോ, അന്തമാനിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. എന്നാല്‍ 1930-കളില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മലബാറില്‍ എല്ലായിടത്തും ദേശീയപ്രസ്ഥാനം ശക്തമായപ്പോള്‍ അതിന്റെ ചലനങ്ങള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലും അലയടിച്ചു. പില്ക്കാലത്ത് കമ്മ്യുണിസ്റ്റുപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി തീര്ന്ന കരിക്കാട് തന്നെയായിരുന്നു, കര്ഷ്കപ്രസ്ഥാനങ്ങളുടെയും നവോത്ഥാനത്തിന്റേയും തുടക്കം കുറിക്കുന്നതിനു വേദിയാകാന്‍ നിമിത്തമായതും. 1940-കളില്‍ കെ.എ.കേരളീയന്റെ നേതൃത്വത്തില്‍ കരിക്കാട് ഒരു കര്ഷ്കസമ്മേളനം നടന്നതായി “കേരളത്തിലെ കര്ഷുകപ്രസ്ഥാനം” എന്ന എ.വികുഞ്ഞമ്പുവിന്റെ ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഈ സമ്മേളനം നടന്നത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നതിനാല്‍, “ഉല്പ്പാദനവര്ദ്ധനവ്” എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. 1937 മുതല്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പ്രവര്ത്തനം ഈ മേഖലയില്‍ ആരംഭിച്ചിരുന്നു. ചാത്തോലി വീരാന്കുട്ടി, മാലങ്ങാടന്‍ ചെറിയോനാജി തരകന്‍, കുഞ്ഞാലി മൌലവി ചാത്തോലി മരക്കാര്‍ ഹാജി എന്നിവര്‍ ആദ്യകാല ലീഗ് പ്രവര്ത്തകരായിരുന്നു. ടി.പി.ഉണ്ണി പോക്കര്‍, മാസ്റ്റര്‍ മട്ടാട് ബാപ്പു, കൊമ്പന്‍ അലിക്കുട്ടി തുടങ്ങിയ ഒട്ടനവധി നേതാക്കളുടെ പ്രവര്ത്തനഫലമായി ലീഗ് പഞ്ചായത്തിലെ ഒരു പ്രധാന രാഷ്ട്രീയപാര്ട്ടിയായി വളര്ന്നു . 1962-ല്‍ ഒന്നാമത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ് നടത്തപ്പെടുകയും ലീഗിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഭരണസമിതി രൂപീകരിക്കപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ കാര്ഷികമേഖലയിലുള്ള വികസനത്തിന് പരോക്ഷമായെങ്കിലും തുടക്കംകുറിച്ചത് 1960-കളിലും 70-കളിലും നടന്ന ക്രിസ്ത്യന്‍ കുടിയേറ്റമാണ്. 1960-ല്‍ തന്നെ നിക്കോളാസ് കുടുംബത്തിന്റെ തോട്ടങ്ങള്‍ എളങ്കൂര്‍ പ്രദേശത്ത് ആരംഭിക്കപ്പെട്ടിരുന്നുവെങ്കിലും സംഘടിതമായ ക്രിസ്ത്യന്‍ മുന്നേറ്റം ആരംഭിക്കപ്പെട്ടതിനു ശേഷമാണ് കുരിശിങ്കല്‍, കൂമംകുളം തുടങ്ങിയ ആദിവാസി കേന്ദ്രങ്ങള്‍ രൂപപ്പെട്ടത്. പഞ്ചായത്തിനെ സമ്പന്നമാക്കിയ ഈ വിഭാഗത്തിന്റെ പ്രവര്ത്തനം മാതൃകാപരമായിരുന്നു. 1970-കളില്‍ ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമിയില്‍ കുടിയാന്മാര്ക്ക് പട്ടയം ലഭിച്ചതും, മിച്ചഭൂമി ഭൂരഹിത കര്ഷ്കര്ക്ക് വിതരണം ചെയ്തതും കാര്ഷികമേഖലയിലെ ആഭ്യന്തര ഉല്പ്പാദനം വര്ദ്ധിപ്പിക്കുന്നതിന് ആദ്യകാലത്ത് സഹായിച്ചിട്ടുണ്ട്.
കാര്‍ഷികചരിത്രം
ബ്രാഹ്മണകുടിയേറ്റമാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിയതും ഗോത്രസമൂഹത്തെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റിയതും അവരെക്കൊണ്ട് അടിമവേല ചെയ്യിപ്പിക്കുന്നതിനു തുടക്കമിട്ടതും. തൃക്കലങ്ങോട് പഞ്ചായത്ത് തികച്ചും ഒരു കാര്ഷിക മേഖലയാണ്. മൂന്ന് വില്ലേജുകളിലായി നിരവധി കുന്നിന്‍ പ്രദേശങ്ങളും മലകളും താഴ്വരകളും ചേര്ന്നു കിടക്കുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ഇന്നത്തെ മുഖ്യകൃഷി റബ്ബര്‍, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു. പഴയകാലത്ത് ജനങ്ങളുടെ മുഖ്യജീവനോപാധി കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു. ഇടവപ്പാതി, തുലാവര്ഷം എന്നീ മണ്സൂണ്‍ മഴയെ ഉപയോഗപ്പെടുത്തി ചിട്ടയായി പാലിക്കപ്പെട്ടിരുന്ന ഒരു കാര്ഷിപകപഞ്ചാംഗത്തിനനുസൃതമായാണ് കാര്ഷികവൃത്തികള്‍ പൂര്ത്തിയാക്കിക്കൊണ്ടിരുന്നത്. മീനമാസത്തിലും മേടമാസത്തിന്റെ തുടക്കത്തിലും നിലം പൂട്ടി ഉഴവാക്കി, ഭരണിയില്‍ വിത്തിട്ട്, രോഹിണി മുഴുവന്‍ പെയ്യുന്ന മഴയും കഴിഞ്ഞ് പാകമാകുന്ന ഞാറ്, മകയിരത്തില്‍ നടല്‍ കഴിയണമെന്നായിരുന്നു അക്കാലത്തെ കാര്ഷകനിഷ്ഠ. മേടത്തില്‍ മോടന്വിതയും കാര്ത്തികയില്‍ കിഴങ്ങ് നട്ട്, കാഞ്ഞിരത്തോല്‍ കൊണ്ട് പുതയ്ക്കലും, കുംഭത്തില്‍ ചേന നടലും, തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളകുകൊടി പാകലും സര്വ്വസാധാരണമായിരുന്നു. ആകെയുള്ള ഭൂമിയുടെ 16% വും ആദ്യകാലങ്ങളില്‍ നെല്പ്പാടങ്ങളായിരുന്നു. പരുന്ത്, കാക്ക, കൂമന്‍ തുടങ്ങിയ പക്ഷികള്ക്കു വന്നിരിക്കാന്‍ കൃഷിസ്ഥലങ്ങളില്‍ തെങ്ങിന്റെ മടല്‍, കണ പോലുള്ളവ വ്യാപകമായി നാട്ടി, എലി, കീടങ്ങള്‍ തുടങ്ങിയവയുടെ വര്ദ്ധന തടയുന്ന രീതി; ചാഴി, പുഴു മുതലായവയെ പിടിച്ചുനശിപ്പിക്കുന്നതിനു വല വീശല്‍, മുറം വീശല്‍ തുടങ്ങിയ നാടന്‍ രീതികള്‍; കൊമ്പന്ചാഴിയെ അകറ്റാന്‍ ഈന്തപ്പനപ്പൂങ്കുല വയലുകളില്‍ കുത്തിനാട്ടുന്ന രീതി; എലി, പെരുച്ചാഴി തുടങ്ങിയവയെ കൃഷിസ്ഥലങ്ങളില്‍ നിന്നകറ്റിനിര്ത്താന്‍ കൃഷിസ്ഥലങ്ങളില്‍ വെള്ളത്തുണി തൂക്കിയിടല്‍, വാഴത്തണ്ടു നാട്ടല്‍ എന്നിങ്ങനെ കീടനാശിനിപ്രയോഗത്തെക്കാള്‍ അപകടരഹിതമായ വിവിധതരത്തിലുള്ള വിളസംരക്ഷണരീതികള്‍ നിലനിന്നിരുന്നു. പഴയകാലത്ത് ഭൂമിയുടെ ഉടമസ്ഥത കൈയ്യടക്കിവച്ചിരുന്നത്, പ്രധാനമായും കോഴിക്കോട് സാമൂതിരിയുടെ സാമന്തകുടുംബങ്ങള്‍, മഞ്ചേരി, നിലമ്പൂര്‍ എന്നീ കോവിലകങ്ങള്‍, കരിക്കാട് ദേവസ്വം തുടങ്ങിയ വന്കിട ജന്മിമാരായിരുന്നു. അടിയാളര്‍ ഏതെങ്കിലും കര്ഷതകകുടുംബത്തില്‍ ഓണത്തിനും വിഷുവിനും സന്നത് എടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. സന്നത് എടുത്താല്‍ പ്രസ്തുത കുടുംബത്തിനു പണിയുണ്ടെങ്കില്‍ ഹാജര്‍ നിര്ബ്നധം. ദുര്ബലരും പ്രാരാബ്ധക്കാരുമായിരുന്ന കുടിയാന്മാര്‍ നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെയുള്ള കാര്ഷികപ്രവൃത്തികള്‍ പരമാവധി സഹകരിച്ചാണ് നിര്വ്വഹിച്ചിരുന്നത്. അടിയാളര്ക്കോ , കുടിയാന്മാര്ക്കോ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. പണിക്കൂലിയായും പതമായും നെല്ലാണ് കൊടുത്തിരുന്നത്. പാട്ടം അളക്കുന്നത് പതിരില്ലാത്തതാണെന്ന് ഉറപ്പ് വരുത്താന്‍ നെല്ല് വെള്ളത്തിലിടുക, യഥാര്ത്ഥ അളവിലും കൂടുതലുള്ള ജന്മിയുടെ പാട്ടപ്പറ കൊണ്ടുതന്നെ അളക്കുക, കുടിയാന്റെ കുടിയില്‍ കഞ്ഞികുടിക്കാന്‍ കൂടി നെല്ലവശേഷിക്കുന്നില്ലെങ്കിലും പാട്ടം കുടിശ്ശികയില്ലാതെ വടിച്ചുതീര്ക്കാന്‍ നിര്ബുന്ധിക്കുക, അഥവാ, കുടിശ്ശികയായാല്‍ അതിനു കുടിശ്ശികപ്പാട്ടം ചേര്ത്ത് അടുത്ത തവണ വടിച്ചെടുക്കുക, അതിനു കഴിയുന്നില്ലെങ്കിലും ജന്മിയുടെ അപ്രീതിക്കു പാത്രമായാലും നിലം തന്നെ ഒഴിഞ്ഞുകൊടുക്കേണ്ടിവരിക എന്നിങ്ങനെ ജന്മിയുടെ ഭാഗത്തു നിന്നുള്ള ക്രൂരനടപടികള്‍, കുടിയാന്മാര്‍ അനുഭവിച്ചിരുന്ന ദുരവസ്ഥകളായി നിലനിന്നിരുന്നു. പഞ്ചായത്തിന്റെ കാര്ഷികമേഖലയിലുള്ള വികസനത്തിന് പരോക്ഷമായെങ്കിലും തുടക്കംകുറിച്ചത് 1960-കളിലും 70-കളിലും നടന്ന ക്രിസ്ത്യന്‍ കുടിയേറ്റമാണ്. 1970-കളിലെ ഭൂപരിഷ്കരണത്തിലൂടെയാണ് കൃഷിഭൂമിയില്‍ കുടിയാന്മാര്ക്ക് പട്ടയം ലഭിച്ചതും മിച്ചഭൂമി ഭൂരഹിത കര്ഷകര്ക്ക് വിതരണം ചെയ്തതും കാര്ഷികമേഖലയിലെ ദുരവസ്ഥയ്ക്കു കുറച്ചെങ്കിലും പരിഹാരമായതും.
വിദ്യാഭ്യാസചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തില്‍ തന്നെ വിദ്യാഭ്യാസത്തില്‍ തല്പരരായ ചില വ്യക്തികള്‍ അവരുടെ വീടുകള്‍ കേന്ദ്രീകരിച്ചും മറ്റു സ്ഥലങ്ങളില്‍ പോയും അക്ഷരാഭ്യാസം നടത്തുവാന്‍ സ്വയം മുന്നാട്ടു വന്നിരുന്നു. 1916-ല്‍ പേലേപ്പുറത്ത് സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയത്തിനാണ് ഒരു വിദ്യാലയത്തിന്റെ രൂപവും ഭാവവും ഉണ്ടായിരുന്നത്. പ്രസ്തുത വിദ്യാലയം ഇന്ന് എളങ്കൂര്‍ ഗവ.യു.പി.സ്കൂള്‍ എന്നറിയപ്പെടുന്നു. 1927-ല്‍ മഞ്ഞപ്പറ്റയിലും 1929-ല്‍ കൂട്ടശ്ശേരിയിലും 1930-ല്‍ കാരക്കുന്നിലും 1938-ല്‍ തൃക്കലങ്ങോട്ടും 1940-ല്‍ ആമയൂരും 1941-ല്‍ കരിക്കാട്ടും ഇത്തരത്തിലുള്ള സ്കൂളുകള്‍ നിലവില്‍ വന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1954-ല്‍ ഈ രംഗത്ത് ഒരു കുതിച്ചു കയറ്റം തന്നെയുണ്ടായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ 8 വിദ്യാലയങ്ങള്‍ കൂടി പ്രവര്ത്തകനം തുടങ്ങി. 1974-ലാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ പ്രവര്ത്താനം തുടങ്ങിയത്. കിഴക്കന്‍ അതിര്ത്തി യായ എളങ്കൂറില്‍ ഒരു ഹൈസ്കൂളും, 1995-ല്‍ മഞ്ഞപ്പറ്റയില്‍ ആരംഭിച്ച ഒരു അണ്‍ എയ്ഡഡ് യു.പി.സ്കൂളും അടക്കം 20 വിദ്യാലയങ്ങള്‍ ഇന്ന് ഈ പഞ്ചായത്തില്‍ പ്രവര്ത്തിക്കുന്നു. ഇവയില്‍ 9 എണ്ണം സര്ക്കാര്‍ മേഖലയിലും 10 എണ്ണം എയ്ഡഡ് മേഖലയിലും ഒരെണ്ണം അണ്‍ എയ്ഡഡ് മേഖലയിലുമാണ്. 1990-കളുടെ അവസാനപാദം വരെ, ഗള്‍ഫ് പണത്തിന്റെ സ്വാധീനം വിദ്യാര്ത്ഥി കളുടെ ശ്രദ്ധ ക്ളാസ്മുറിക്കു വെളിയിലേക്ക് നയിച്ചിരുന്നു. പ്രായപൂര്ത്തിയായാല്‍ ഉടന്‍ തന്നെ കടല്‍ കടക്കാന്‍ വ്രതമെടുക്കുന്ന മട്ടില്‍ ഓരോ വിദ്യാര്ത്ഥി യും പഠനപ്രവര്ത്തനങ്ങളില്‍ നിന്നകന്നുപോയിരുന്നു. എന്നാല്‍ ഇന്നാകട്ടെ സ്ഥിതിഗതികള്ക്കു ആശാവഹമായ വ്യത്യാസവും പുരോഗതിയും കാണുന്നുണ്ട്. വിദ്യ നേടുന്നതിന്റെ പ്രാധാന്യവും ആധുനികവിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയും കുട്ടികളും രക്ഷാകര്ത്താ ക്കളും ഒരുപോലെ മനസ്സിലാക്കിയിരിക്കുന്നു.
സാംസ്കാരികചരിത്രം
തൃക്കലങ്ങോടിന് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. വിസ്തൃതമായ മൂന്നു ഗ്രാമങ്ങളും അവയിലെ തന്നെ ചെറുദേശങ്ങളും കലാസാംസ്കാരികരംഗത്ത് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. ദേശീയപ്രസ്ഥാന പോരാട്ടങ്ങളിലും അയിത്തോച്ചാടന പ്രസ്ഥാനത്തിലും കര്ഷക തൊഴിലാഴികളുടെ അവകാശ പോരാട്ടങ്ങളിലും ഈ പഞ്ചായത്ത് വഹിച്ച പങ്ക് ചെറുതല്ല. തൃക്കലങ്ങോട് പഞ്ചായത്തിന്റെ സാംസ്കാരിക തലസ്ഥാനം കരിക്കാട് ഗ്രാമമാണ്. ഈ ഗ്രാമത്തില്‍ നടന്നിട്ടുള്ള സാംസ്കാരികപ്രവര്ത്തനങ്ങള്‍ കേരള സംസ്ഥാനത്തിനു തന്നെ പ്രചോദനമേകുന്ന തരത്തിലുള്ളതായിരുന്നു. ഇവിടെ ഉരിത്തിരിഞ്ഞു വന്നിരുന്ന “വെള്ളരി നാടകങ്ങള്‍” സ്ഥിതിസമത്വത്തിനും അയിത്തോച്ചാടനത്തിനും പ്രാമുഖ്യം നല്കിക്കൊണ്ടുള്ളവയായിരുന്നു. “വെള്ളരി നാടകം” ധനു, കുംഭം, മകരം, മീനം മാസങ്ങളില്‍ വെള്ളരി കൃഷി ചെയ്തിരുന്ന പാടങ്ങളില്‍വെച്ചു കളിച്ചിരുന്ന സംഗീതനാടകമാണ്. സംസ്ഥാനത്തിലെ ഇരുന്നൂറില്പരം സ്ഥലങ്ങളില്‍ ഈ നാടകം അരങ്ങേറുകയുണ്ടായി. 1940-കളില്‍ സ്ഥാപിതമായ തൃക്കലങ്ങോട് പൊതുജനവായനശാലയും ഗ്രന്ഥാലയവും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്ത്തനനങ്ങള്ക്കു നേതൃത്വം നല്കി. ഈ സ്ഥാപനത്തിനു ഇപ്പോള്‍ നിലവിലുള്ള കെട്ടിടം, പൂര്ണ്ണുമായും ഇവിടുത്തെ യുവജനങ്ങളുടെ കര്മ്മോത്സുകതയുടെയും സേവന മന:സ്ഥിതിയുടെയും ഉത്തമോദാഹരണമാണ്. കാരക്കുന്ന് 34-ലെ സി.ടി.മെമ്മോറിയല്‍ വായനശാല തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ സാംസ്കാരിക വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വായനശാല കേന്ദ്രീകരിച്ച് രൂപംകൊണ്ട “കോല്ക്കുളി” സംഘം, മര്ദ്ദിത വിഭാഗത്തിന്, അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കുന്നതിനും സംഘടിതശക്തിയാക്കി വളര്ത്തുിന്നതിനും സഹായിച്ചു. 1950-60 കാലഘട്ടത്തില്‍ കരിക്കാട് ഗ്രാമസേവാ സമിതി അവതരിപ്പിച്ച, കേശവാജി എഴുതിയ “ഞങ്ങളും മനുഷ്യരന്ന്യാ” എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കുകയും കേരളത്തിന്റെ അയിത്തോച്ചാടന പ്രവര്ത്തകനങ്ങള്ക്കും , സ്ഥിതിസമത്വ പ്രക്രിയകള്ക്കും ഉത്തേജനം നല്കുകയും ചെയ്തു. ഈ സമിതിയുടെ കീഴിലുള്ള ഭാരത് സേവക് സമാജ് ജനകീയപങ്കാളിത്തത്തിന്റെയും, മനുഷ്യവിഭവശേഷിയുടെയും മാഹാത്മ്യത്തിനും മാതൃകയായി. കഥകളി, കൂത്ത് തുടങ്ങിയ ക്ഷേത്രകലാരൂപങ്ങള്‍ വളര്ന്നതിലും നിലനിര്ത്തുന്നതിലും കരിക്കാടിന് അതിന്റേതായ പങ്കുണ്ടായിരുന്നുവെന്നുകൂടി പറയുമ്പോള്‍ മാത്രമേ കരിക്കാടിന്റെ സംഭാവനകളുടെ പട്ടിക പൂര്ണ്ണമാവുകയുള്ളൂ. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും വായനശാലകളും ജനങ്ങള്ക്ക് അപരിചിതമായിരുന്ന കാലഘട്ടത്തില്‍, ഉല്പ്പതിഷ്ണുക്കള്‍ പൊതുജനഗ്രന്ഥാലയവും വായനശാലയും സ്ഥാപിച്ചുകൊണ്ട്, എളങ്കൂറിലെ ജനങ്ങളെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ശ്രമമാരംഭിച്ചു. ആ കാലഘട്ടത്തില്‍ തന്നെ നിരക്ഷരത നിര്മ്മാര്ജ്ജളനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ പ്രബുദ്ധരായ യുവജന സംഘടനകള്‍ നിര്‍വ്വഹിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള്‍ മൈലൂത്തും, മഞ്ഞപറ്റയും കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. പ്രശംസനീയമായ പ്രവര്ത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തിന് പേരും പെരുമയും നേടിക്കൊടുത്ത രണ്ട് സാംസ്കാരിക സംഘടനകളാണ് കരിക്കാട് കലാസമിതിയും, പേലേപ്പുറം യുവധാരാ ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ളബും. 1994-ല്‍ നടന്ന കേരള സംഗീതനാടക അക്കാദമിയുടെ അമച്ചര്‍ നാടക മത്സരത്തില്‍ അവതരണത്തിന് ഒന്നാം സ്ഥാനം നേടിയത് കരിക്കാട് കലാസമിതിയുടെ “അമ്മ കരയരുത്” എന്ന നാടകമാണ്. കലാകായിക രംഗത്തും സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലും നല്കിയ മികച്ച സംഭാവനകളെ മുന്നിര്ത്തി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സംസ്ഥാനത്ത് നിന്നും പത്തൊമ്പത് ക്ളബുകളെ തെരഞ്ഞെടുത്ത് യുവജന വികസന കേന്ദ്രങ്ങളാക്കി ഉയര്ത്തിയതില്‍ ഈ പഞ്ചായത്തിലെ പേലേപ്പുറം ആര്‍ട്സ് ആന്റ് സ്പോര്ട്സ് ക്ളബും ഉള്പ്പെടുന്നു.